ജാംനഗറില്‍ നടന്ന അനന്ത് അംബാനി, രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ലോകത്തിലെ തന്നെ നിരവധി പ്രമുഖരാണ് അതിഥികളായി എത്തിയത്. ഇതിൽ ഫേസ്ബുക്ക് സ്ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും പങ്കെടുത്തിരുന്നു. അനന്ത് അംബാനിയുടെ കൈയിലെ കോടികൾ വിലമതിക്കുന്ന വാച്ച് കണ്ട് അമ്പരന്ന സക്കർബർഗിന്റെയും ഭാര്യ പ്രിസില്ല ചാന്റെയും വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ രണ്ടാം ദിനം മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമായ വനതാര സന്ദർശിക്കുന്നതിനിടയിലാണ് അനന്ത് അണിഞ്ഞിരുന്ന വാച്ച് ഇരുവരുടെയും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാച്ച് വളരെ നന്നായിരിക്കുന്നു എന്ന് അനന്തിനോട് പ്രസില്ല പറയുന്നതും വീഡിയോയിൽ കാണാം. ” അതെ, ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നു” എന്ന് സക്കർബർഗും ഇതിനോട് പ്രതികരിക്കുന്നുണ്ട്.
അതേസമയം തനിക്ക് വാച്ചുകളോട് അത്ര താല്പര്യം തോന്നിയിട്ടില്ലെന്നും എന്നാൽ അനന്ത് അംബാനിയുടെ അതിമനോഹരമായ വാച്ച് കണ്ട് തന്റെ മനസ്സ് മാറിയെന്നും സക്കർബർഗ് പറഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ” ഞാൻ ഒരിക്കലും ഒരു വാച്ച് വാങ്ങാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, ഇത് കണ്ടപ്പോൾ, വാച്ചുകൾ വളരെ രസകരമാണെന്ന് തോന്നി പോയി ” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സക്കർബർഗിന്റെ ഭാര്യ, അനന്തിന്റെ വാച്ചിന്റെ ബ്രാൻഡിനെ കുറിച്ചും ചോദിച്ചു. റിച്ചാർഡ് മില്ലെ എന്ന ബ്രാൻഡിന്റെ വാച്ച് ആണ് അനന്ത് ധരിച്ചിരുന്നത്. റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനി, എൻകോർ ഹെൽത്ത് കെയറിൻ്റെ സിഇഒ വീരേൻ മെർച്ചൻ്റെ ഇളയ മകളായ രാധിക മെർച്ചന്റിനെയാണ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വെള്ളിയാഴ്ച ആരംഭിച്ച പ്രീ വെഡിങ് ആഘോഷപരിപാടികൾ അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് നടന്നത്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ, ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങി ക്രിക്കറ്റ് താരങ്ങളും വ്യവസായ പ്രമുഖരും ഉൾപ്പടെ വിഐപികളുടെ ഒരു നീണ്ട നിരയാണ് ആഡംബര ആഘോഷങ്ങളിൽ പങ്കെടുത്തത് . ആദ്യദിവസം പോപ് ഗായിക റിഹാനയുടെ തത്സമയ സംഗീത പരിപാടിയും അതിഥികൾക്കായി അവതരിപ്പിച്ചിരുന്നു.