സെന്‍റ് ലൂയിസ്: ഭരതനാട്യം, കുച്ചിപ്പുഡി നർത്തകൻ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്‍റ് ലൂയിസില്‍ വച്ചായിരുന്നു കൊല്ലപ്പെട്ടത്.
വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോള്‍ അജ്ഞാതൻ അമർനാഥ് ഘോഷിനെ ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു.
ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് ഈ കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരമാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്‌സ് പോസ്റ്റില്‍ പറയുന്നത്.
” കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികള്‍ ആര് തുടങ്ങിയ വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ല. ഘോഷിന്‍റെ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അതിനായി പോരാടാൻ അവൻ്റെ കുടുംബത്തില്‍ അവശേഷിക്കുന്നില്ല. അവൻ കൊല്‍ക്കത്തക്കാരനായിരുന്നു. മികച്ച നർത്തകന്‍, പിഎച്ച്‌ഡി പഠിക്കുകയായിരുന്നു. വൈകുന്നേരം നടക്കാന്‍ ഇറങ്ങിയപ്പോഴാണ് അജ്ഞാതൻ അവനെ ഒന്നിലധികം തവണ വെടിവച്ചത് ” എന്നായിരുന്നു എക്സ് പോസ്റ്റില്‍ ദേവോലീന ഭട്ടാചാര്യ കുറിച്ചത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഇടപെടലും ദേവോലീന ഭട്ടാചാര്യ എക്സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
കൊല്‍ക്കത്തയിലാണ് ജനിച്ച് വളര്‍ന്ന ഘോഷ് ചെന്നൈയിലെ കലാക്ഷേത്ര കോളേജ് ഓഫ് ഫൈൻ ആർട്‌സിലെയും കുച്ചുപ്പുടി ആർട്ട് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയാണ് . സെന്‍റ് ലൂയിസില്‍ മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് (എംഎഫ്‌എ) പഠിക്കുകയായിരുന്നു.