റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ടൗണില്‍ ഞായറാഴ്ച വിവിധ സ്ഥലങ്ങളിലായി മൂന്ന് അപകടങ്ങള്‍ ഉണ്ടായി.
രാവിലെ ഒമ്ബതോടെ ഇട്ടിയപ്പാറ സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന ഭാഗത്ത് ബൈക്കും, കെ.എസ്.ആര്‍.ടി.സി ബസും തമ്മില്‍ കൂട്ടിമുട്ടി. അപകടത്തില്‍ ബസിന്‍റെ ഡീസല്‍ടാങ്ക് പൊട്ടി റോഡില്‍ ഒഴുകിയത് ഫയര്‍ഫോഴ്സ് എത്തികഴുകി കളഞ്ഞു.
പിന്നീട് ഇതേ സ്ഥലത്ത് തന്നെ ഉച്ചക്ക് രണ്ടിന് റോഡിന്‍റെ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ കാറിടിച്ചു. ഇരുവാഹനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു. പിന്നീട് 2.30ന് ബ്ലോക്ക് പടിയില്‍ കാര്‍ ബൈക്കില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ദമ്ബതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തിന് പോകുന്ന ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗത്തില്‍ എതിരെ വന്ന കാര്‍ സിഗ്നല്‍കാണിക്കാതെ കോഴഞ്ചേരി റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണം. കാര്‍തിരിയുന്നത് ശ്രദ്ധയില്‍പെട്ട ബൈക്ക് യാത്രികന്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് നിരങ്ങിവന്ന് കാറിന്‍റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ചെരിഞ്ഞങ്കിലും കൂടുതല്‍ അപകടം ഉണ്ടാകാതെ ദമ്ബതികള്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. പ്രകാശും, വികസന സമിതിയംഗം ബാലകൃഷ്ണന്‍ നായരും എത്തി വിഷയം പരിഹരിച്ച്, ഇരു വാഹനങ്ങളെയും യാത്രയാക്കി.
റാന്നിയില്‍ സംസ്ഥാന പാതയില്‍ ദിവസേന ഉണ്ടാകുന്ന അപകടത്തിന്‍റെ തുടര്‍ച്ചയാണിത്. റാന്നി ബ്ലോക്ക് പടി മുതല്‍ ചെത്തോങ്കര വരെയുള്ള സ്ഥലങ്ങളിലെ നിരന്തര അപകടത്തിന് പരിഹാരം കാണണമെന്ന് നിരവധി പരാതി ഉണ്ടായിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.