ഡൽഹി മദ്യനയ കേസിൽ വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷിയുടെ വെളിപ്പെടുത്തൽ. അഴിമതി ആരോപണത്തിൽ പറയുന്ന 100 കോടി തട്ടിയെടുത്തതിന് തെളിവില്ലെന്ന് ഡൽഹി കോടതി ഉത്തരവിനെ ആധാരമാക്കി അതിഷി പറഞ്ഞു.
“ബിജെപി ആരോപിച്ച 100 കോടി രൂപയുടെ കിക്ക്ബാക്കിന്റെ തെളിവുകളോ നിയമസഭാ തിരഞ്ഞെടുപ്പിനായി എഎപി ഗോവയിലേക്ക് വഴിതിരിച്ചുവിട്ട 30 കോടിയുടെയോ ഒരു തെളിവുകളുമില്ല. “കഴിഞ്ഞ 6 മാസമായി കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡി യും സിബിഐ യും ഗോവയിലെ എല്ലാ കച്ചവടക്കാരെയും ചോദ്യം ചെയ്യുകയും റെയ്ഡ് ചെയ്യുകയും ചെയ്തു. ആറ് മാസത്തെ റെയ്ഡുകൾക്ക് ശേഷവും,100 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞവർക്ക് കോടതിക്ക് മുന്നിൽ സമർപ്പിക്കാൻ തെളുവുകളില്ല” അതിഷി പറഞ്ഞു.
‘രാജ്യത്തെ ഏറ്റവും സത്യസന്ധമായ പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്ന് ഇഡി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആം ആദ്മി പാർട്ടി ഗോവയിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു, 19 ലക്ഷം രൂപ പണമായും ബാക്കി ചെക്കാനായും ചെലവഴിച്ചു,” അതിഷി പറഞ്ഞു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ച അതിഷി പറഞ്ഞു, “തെളിവുകൾ നശിപ്പിക്കാൻ മനീഷ് സിസോദിയ 14 ഫോണുകൾ തകർത്തുവെന്ന് ED അവകാശപ്പെട്ടിരുന്നു. എന്നാൽ പരിശോധിച്ചതിൽ നിന്ന് 14 ഫോണുകളിൽ ഏഴ് ഫോണുകൾ സിബിഐയും ഇഡിയും പിടിച്ചെടുത്തിട്ടുണ്ടെന്നും ബാക്കി 7 ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി.
പിഎംഒയിൽ നിന്ന് സമ്മർദം വന്നപ്പോൾ ഏജൻസികൾ സജയ് സിങ്ങിന്റെ പേര് പറഞ്ഞു. എന്നാൽ സഞ്ജയ് സിംഗ് വക്കീൽ നോട്ടീസ് അയച്ചപ്പോൾ ഇഡി മാപ്പ് പറയുകയും അബദ്ധത്തിൽ തന്റെ പേര് ഇട്ടതായി പറയുകയും ചെയ്തു.
“മദ്യനയ കുംഭകോണത്തിന്റെ പേരിൽ പറയുന്നത് പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. അത് യാതൊരു തെളിവുമില്ലാതെയാണ്. അങ്ങനെയൊരു തട്ടിപ്പ് നടന്നിട്ടില്ല. ഇന്നും മനീഷ് സിസോദിയക്കെതിരെ ഒരു തെളിവും നൽകാൻ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല” അതിഷി പറഞ്ഞു.