തൃശൂർ: വിവാദങ്ങൾക്കൊടുവിൽ നടൻ മുരളിയുടേത് ഉൾപ്പടെ ആരുടെയും പ്രതിമ നിർമിക്കേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സംഗീത നാടക അക്കാദമി. മുൻ അധ്യക്ഷന്മാരുടെ പ്രതിമ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനേ നേരമുണ്ടാകൂവെന്നും അക്കാദമി വിലയിരുത്തി.
നടൻ മുരളിയുടെ പ്രതിമ സ്ഥാപിച്ചാൽ എല്ലാവരുടെയും വേണമെന്ന ആവശ്യം ഉയരും. അങ്ങനെ വന്നാൽ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കർ, വൈക്കം ചന്ദ്രശേഖരൻനായർ, പി. ഭാസ്കരൻ, തിക്കോടിയൻ തുടങ്ങി കെ.പി.എ.സി. ലളിതവരെയുള്ള ഒട്ടേറെ മുൻകാല അധ്യക്ഷൻമാരുടെ പ്രതിമകൾകൊണ്ട് തൃശൂരിലെ അക്കാദമിവളപ്പ് നിറയും. അതുവേണ്ടെന്നാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്.
നടൻ മുരളിയുടെ വെങ്കലപ്രതിമാനിർമാണവും പുനഃപരിശോധിക്കില്ലെന്ന് സംഗീത നാടക അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. മുരളിയുടെ വെങ്കല പ്രതിമ നിർമാണം വിവാദമായതോടെയാണ് പ്രതിമ നിർമാണം വേണ്ടെന്ന നിലപാടിലേക്ക് അക്കാദമി എത്തിയത്.
നിലവിൽ മുരളിയുടെ രണ്ട് കരിങ്കൽപ്രതിമ അക്കാദമി വളപ്പിലുണ്ട്. ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാൽ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിർമിക്കാൻ ഏൽപ്പിച്ചു. എന്നാൽ ഈ ശിൽപത്തിനും മുരളിയുമായി രൂപസാദൃശ്യമില്ലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു.