രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സി ഓഫിസുകളിലും മൂന്നുമാസത്തിനകം സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അന്ത്യശാസനം നല്‍കി.
നേരത്തെ സമയം നല്‍കിയിട്ടും സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്ത കേന്ദ്രത്തിനും 26 സംസ്ഥാനങ്ങള്‍ക്കുമെതിരെ ഈ ഘട്ടത്തില്‍ കര്‍ശന നടപടി എടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍, മൂന്നു മാസത്തിനകം സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കി ജൂലൈ 18നകം സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറിമാരും വ്യക്തിപരമായി ഹാജരായി നടപടി നേരിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കി.