മോദി സർക്കാരിന് ആയുസ്സില്ല : രാഹുൽ ഗാന്ധി

0
91

പട്യാല: പ്രതിപക്ഷം ദുര്‍ബലമായതിനാലാണ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നതെന്ന വാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. “എനിക്ക് സ്വതന്ത്ര മാധ്യമങ്ങളും മറ്റ് പ്രധാന സ്ഥാപനങ്ങളും നല്‍കൂ, ഈ (നരേന്ദ്ര മോദി) സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ല” എന്ന് രാഹുല്‍ പറഞ്ഞു.

 

“എല്ലാ പ്രധാന സ്ഥാപനങ്ങളുടെയും നിയന്ത്രണം മോദി സര്‍ക്കാര്‍ ബലമായി പിടിച്ചെടുത്തു. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാവ് പിടിച്ചെടുത്തു,” രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ കര്‍ഷക സംരക്ഷണ യാത്രയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം പട്യാലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.സ്ഥാപനങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ കൈക്കലാക്കുന്നത് ഒരു വലിയ പ്രശ്‌നമാണെന്ന് പറഞ്ഞ രാഹുല്‍, സ്വന്തം ഭൂമി മറ്റൊരു രാജ്യം പിടിച്ചെടുക്കുമ്ബോള്‍ പോലം സര്‍ക്കാരിനെ മാധ്യമങ്ങള്‍ പോലും ചോദ്യം ചെയ്യാത്ത അവസ്ഥ ലോകത്തെ മറ്റൊരു രാജ്യത്തും ഇല്ലെന്നും പറഞ്ഞു. മോദിക്ക് ഇന്ത്യയുടെ ക്ഷേമത്തില്‍ താല്‍പ്പര്യമില്ല. “തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും” മാത്രമേ താല്‍പ്പര്യമുള്ളൂവെന്നും രാഹുല്‍ ആരോപിച്ചു. “എന്തുകൊണ്ടാണ് നിങ്ങള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്,” രാഹുല്‍ മാധ്യമങ്ങളോട് ചോദിച്ചു.

 

സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കാമെങ്കിലും കര്‍ഷകരെയും യുവാക്കളെയും ചെറുകിട വ്യാപാരികളെയും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ നശിപ്പിക്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു. “മോദിയുടെ നയങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഈ ആളുകള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ക്ഷമയുള്ള ആളാണ്, ഇന്ത്യയിലെ ജനങ്ങള്‍ സത്യം കാണുന്നത് വരെ കാത്തിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കര്‍ഷകര്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ ആക്രമണത്തിനെതിരെ പോരാടാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് രാഹുല്‍ പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട വ്യവസായികളെും വ്യാപാരികളെയും നേരത്തേ തകര്‍ത്തത് പോലെ തന്നെയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ വഴി കര്‍ഷകരെ ലക്ഷ്യമിടുന്നത്. “ഞാന്‍ അവരോട് യുദ്ധം ചെയ്യുകയും തടയുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

 

പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതില്‍ ബിജെപി തനിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെക്കുറിച്ച്‌ അവര്‍ ഫെബ്രുവരിയില്‍ താന്‍ കൊറോണയെക്കുറിച്ച്‌ ആദ്യം മുന്നറിയിപ്പ് നല്‍കിയപ്പോഴും ആക്രമിച്ചിരുന്നതായി രാഹുല്‍ പറഞ്ഞു. “എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ സത്യമുണ്ട്,” അദ്ദേഹം പറഞ്ഞു.”കൂടുതല്‍ വിവേകത്തോടെ സംസാരിക്കുന്നത് ആരെന്ന് നിങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയും – മോദിയോ ഞാനോ,” 22 ദിവസത്തിനുള്ളില്‍ കോവിഡിനെതിരായ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസ്താവനയെക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.നോട്ട് നിരോധനവും ജിഎസ്ടിയും പോലെ കാര്‍ഷിക നിയമങ്ങളും മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന ബിജെപിയുടെ വാദത്തെയും രാഹുല്‍ വിമര്‍ശിച്ചു. ഈ നടപടികളെക്കുറിച്ച്‌ ചെറുകിട വ്യാപാരികളുടെയും ചെറുകിടബിസിനസുകാരുടെയും കര്‍ഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കുന്നുണ്ടോ എന്ന് രാഹുല്‍ ചോദിച്ചു. “ഫാം നിയമങ്ങള്‍ ഒരു നേട്ടമാണെങ്കില്‍, എന്തുകൊണ്ടാണ് കര്‍ഷകര്‍ ആഘോഷിക്കാത്തത്, എന്തുകൊണ്ടാണ് അവര്‍ പടക്കം പൊട്ടിക്കാത്തത്?” രാഹുല്‍ ചോദിച്ചു.

 

“എന്തായാലും, ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് മോഡിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, എന്തുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയെ അഭിമുഖീകരിക്കാത്തത്. കര്‍ഷകര്‍ക്ക് റോഡുകളില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് അദ്ദേഹം നിയമങ്ങള്‍ മുന്നോട്ട് കൊണ്ടുവന്നത്. എന്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം നടത്തുകയോ പഞ്ചാബിലെ കര്‍ഷകരെ കാണുകയോ ചെയ്തില്ല, “അദ്ദേഹം ചോദിച്ചു.മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് കടുത്ത അനീതി ചെയ്യുന്നുവെന്ന് തോന്നിയതിനാലാണ് താന്‍ പഞ്ചാബില്‍ എത്തിയതെന്നും താന്‍ എല്ലായ്പ്പോഴും ദുര്‍ബലരോടും കഷ്ടപ്പാട് അനുഭവിക്കുന്നവരോടും ഒപ്പം നില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. “ഒരുപക്ഷേ അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്,” അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here