വര്‍ക്കലയില്‍ വീട് കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണം കവര്‍ന്നു. കുരയ്ക്കണ്ണി വിളക്കുളം സ്വദേശി ഉമറുല്‍ ഫാറൂഖിന്റെ വീട്ടിലാണ് മോഷണം.
അര്‍ദ്ധരാത്രിയില്‍ ബന്ധുവിന്റെ മരണ വീട്ടില്‍ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീടിന് അകത്തുകടന്നത്. ആസാദ് സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിലായിരുന്നു മോഷണം. രാത്രി 11.30 ന് ബന്ധുവിന്റെ മരണവീട്ടില്‍ പോയി പുലര്‍ച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് 9,20,000 രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്.
കൃത്യത്തിന് ശേഷം വീടിന്റെ പിന്‍വാതിലിലൂടെയാണ് മോഷ്ടാവ് പുറത്ത് കടന്നത്. മൂന്ന് മുറിയിലേയും അലമാര കുത്തിത്തുറന്നു. മകന്റെ വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിടിനകത്ത് നിലത്ത് നിന്ന് കണ്ടെത്തി. മോഷണ മുതലുമായി പ്രതി കടന്നുകളയുന്നതിനിടെ നിലത്ത് വീണതാകാമെന്നാണ് നിഗമനം. വീട്ടിലെ മറ്റൊരു ഡ്രോയറിലെ പണവും നഷ്ടപ്പെട്ടിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതിയെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു