ന്യൂഡല്‍ഹി: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. സുപ്രിംകോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിക്കുന്നത്.
കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സി.ബി.ഐ സുപ്രിംകോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലുള്ള പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതിയാണ് സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ അനുവദിച്ചിരുന്നില്ല.കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിച്ചിട്ടുണ്ടെങ്കില്‍ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.