ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വീണപ്പോള്‍ ഒരുവശത്ത് ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയായിരുന്നു. സിക്‌സറിലൂടെയാണ് ജയ്‌സ്വാള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതെന്നതാണ് എടുത്തു പറയേണ്ടത്. തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ജയ്‌സ്വാള്‍ പല വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
22കാരനായ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്. വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായി എന്നതാണ് എടുത്തു പറയേണ്ടത്. 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും രവി ശാസ്ത്രിയും മാത്രം നേടിയ റെക്കോഡിലേക്കാണ് ജയ്‌സ്വാളും പേരു ചേര്‍ത്തിരിക്കുന്നത്.