നടിയും മോഡലുമായ പൂനം പാണ്ഡെ (Poonam Pandey) അന്തരിച്ചു. 32 വയസായിരുന്നു. ഇക്കാര്യം പൂനം പാണ്ഡെയുടെ ടീം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സെർവിക്കൽ കാൻസർ ബാധയാണ് മരണകാരണം. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു.
ജനപ്രിയ മോഡലായിരുന്നു പൂനം പാണ്ഡെ. 2011 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഒരു വീഡിയോ സന്ദേശത്തിൽ ഇന്ത്യ ഫൈനൽ മത്സരത്തിൽ വിജയിച്ചാൽ ചെയ്യുമെന്ന് പറഞ്ഞ വാഗ്ദാനത്തോടെ അവരുടെ പ്രശസ്തി ഉയർന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പൂനം ആദ്യമായി ശ്രദ്ധ ആകർഷിച്ചു.
ബോളിവുഡ് നടി കങ്കണ റണൗത്ത് അവതാരകയായ ലോക്ക് അപ്പിൻ്റെ ആദ്യ സീസണിലാണ് പൂനത്തെ അവസാനമായി കണ്ടത്. ഷോയിൽ വിജയിച്ചില്ലെങ്കിലും ഇതവരുടെ ആരാധകരുടെ എണ്ണം വർധിപ്പിച്ചു. ലോക്കപ്പിൻ്റെ ആദ്യ സീസൺ വിജയിച്ചത് സ്റ്റാൻഡ്-അപ്പ് കോമേഡിയൻ മുനവർ ഫാറൂഖിയാണ്.
സാം ബോംബെയുമായി പൂനം കുറച്ചുകാലം വിവാഹ ജീവിതം നയിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു വിവാഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ പലപ്പോഴും വീഡിയോകളും ഫോട്ടോകളും പങ്കിടാറുണ്ടായിരുന്നു. എന്നിരുന്നാലും ആ വിവാഹം നീണ്ടുനിന്നില്ല. 2020ൽ പൂനം ഗാർഹിക പീഡനം പരാതി ഉയർത്തിയിരുന്നു.