എല്‍ഡിഎഫിന്റെ അജണ്ട വികസനവും ജനജീവിതവുമെന്ന് ജെയ്ക് സി.തോമസ്.

0
68

വികസനവും ജനങ്ങളുടെ ജീവിത പ്രശ്‌നവുമാണ് പുതുപ്പള്ളിയിലെ എല്‍ഡിഎഫിന്റെ മുഖ്യ അജണ്ടയെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പ്രചാരണത്തിനൊപ്പം മന്ത്രിമാര്‍ തന്നെ പങ്കെടുക്കുന്ന വികസന സംവാദങ്ങള്‍ പുതുപ്പള്ളിയിലുണ്ടാകും. വികസനത്തെ മുന്‍നിര്‍ത്തിയുള്ള സംവാദത്തിന് എല്‍ഡിഎഫ് എപ്പോഴും സജ്ജമാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു.

‘വികസനം ചര്‍ച്ച ചെയ്യാന്‍ സമയവും കാലവും തീയതിയും യുഡിഎഫിന് തീരുമാനിക്കാം. അവിടെ ഇടതുപക്ഷ മുന്നണി വരാന്‍ തയ്യാറാണ്. പക്ഷേ പല തവണ പറഞ്ഞിട്ടും വികസനം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല. തിരുവഞ്ചൂര്‍ പറഞ്ഞത് പോലെ പൊതുമരാമത്ത് മന്ത്രിയെ മാത്രമല്ല പങ്കെടുപ്പിക്കുന്നത്. എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും എല്‍ഡിഎഫ് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. 182 ബൂത്തിലെ ഏത് സ്ഥലത്തും ഏത് മൂലയിലും വികസനം സംവദിക്കാം. വികസനം എന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ അടുക്കള കാര്യമല്ല. ജനജീവിതസംബന്ധമാണ്. അതിനെ മുന്‍നിര്‍ത്തിയാണ് ആദ്യഘട്ടം മുതലേ എല്‍ഡിഎഫ് നിലകൊള്ളുന്നത്’. ജെയ്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ സജീവ പര്യടന രംഗത്തേക്ക് ഇറങ്ങുകയാണ് ജെയ്ക് സി തോമസ്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് പ്രചാരണത്തിന്റെ മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗങ്ങളില്‍ സംസാരിക്കും. വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടന യോഗത്തില്‍ കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കും.

അതേസമയം പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. പ്രഖ്യാപനം ഇന്നുണ്ടാകും. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലിജിന്‍ ലാലിലേക്ക് എന്‍ഡിഎ എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here