ബിജെപിക്ക് എതിരെയുള്ള സഖ്യത്തിൽ മമതയ്ക്കൊപ്പം പ്രവർത്തിക്കാൻ മുൻപ് ടിആർഎസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യോഗത്തിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചതിലെ പ്രതിഷേധം അറിയിച്ചാണ് ടി.ആർഎസ് യോഗം ബഹിഷ്കരിക്കുന്നത്. പാർട്ടിയുടെ എതിർപ്പിനെ മറികടന്നാണ് കോൺഗ്രസിനെ ക്ഷണിച്ചത്. അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുൽ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആർ.എസിനെ പ്രകോപിപ്പിച്ചത്.
ഒരാളെ സ്ഥാനാർഥിയായി തീരുമാനിക്കുകയും അതിന് ശേഷം ഇക്കാര്യം അറിയിക്കുമ്പോൾ ആ വ്യക്തി പിൻമാറുകയും ചെയ്യുന്നു. അതിന് ശേഷം യോഗംചേരുന്നതിൽ എന്ത് അർഥമാണുള്ളതെന്നും ടിആർഎസ് ചോദിക്കുന്നു. യോഗംചേർന്ന് എല്ലാ കക്ഷികളുമായും അഭിപ്രായം സമന്വയം ഉണ്ടായശേഷമാണ് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടിയിരുന്നതെന്നും പാർട്ടി അഭിപ്രായപ്പെട്ടു. സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന ശരദ് പവാർ, താൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.