ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് കാൽനടയായി സഞ്ചരിച്ച് മുസ്ലീം യുവതി. മുംബൈ സ്വദേശിനിയായ ശബ്നം എന്ന മുസ്ലീം യുവതിയാണ് മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ആരംഭിച്ചത്.
സുഹൃത്തുക്കളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പമാണ് ഷബ്നം 1,425 കിലോമീറ്റർ കാൽനടയായി അയോധ്യയിലേക്ക് സഞ്ചരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ശ്രീരാമനോടുള്ള ഭക്തി മൂലമാണ് കാൽനടയായി അയോധ്യയിലേക്ക് യാത്ര ആരംഭിച്ചതെന്ന് ശബ്നം പറഞ്ഞു.
രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ല. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്ന് യുവതി കൂട്ടിച്ചേർത്തു.ദിവസേന 25 മുതൽ 30 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യുവതിയും സുഹൃത്തുക്കളും മധ്യപ്രദേശിലെ സിന്ധവയിൽ എത്തിയിട്ടുണ്ട്.
നീണ്ട യാത്രയിൽ ക്ഷീണമുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് യുവാക്കൾ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് തന്നെ അയോധ്യയിൽ എത്തിച്ചേരുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ശബ്നം പറഞ്ഞു. അയോധ്യയിലേക്കുള്ള തൻ്റെ യാത്ര വ്യക്തിപരമാണെന്ന് അവർ പറഞ്ഞു.
കാവി കൊടിയുമേന്തിയുള്ള യാത്രയിൽ മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ‘ജയ് ശ്രീറാം’ ആശംസകൾ നേരുകയും യാത്രയ്ക്ക് ഐക്യദാർഢ്യം പങ്കുവെക്കുകയും ചെയ്തതായി ശബ്നം പറഞ്ഞു. ആൺകുട്ടികൾക്ക് മാത്രമേ ഇത്തരം ദുഷ്കരമായ യാത്രകൾ നടത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണയെ വെല്ലുവിളിക്കാൻ തൻ്റെ യാത്രയ്ക്ക് സാധിക്കുമെന്ന് ശ്ബനം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ പ്രശ്നബാധിത പ്രദേശങ്ങളിലൂടെയുള്ള ശബ്നത്തിൻ്റെ യാത്ര പോലീസിന് സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. അയോധ്യയിലേക്കുള്ള ശബ്നയുടെ യാത്രയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമാണ്.