രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പ്രൈമറി-സെക്കന്ററി തലങ്ങളിലായാണ് ഈ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രൈമറി തലത്തില്‍ 7.2 ലക്ഷം അധ്യാപക ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെക്കന്ററി തലത്തില്‍ 1.2 ലക്ഷം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം 9.8 ലക്ഷമായിരുന്നു.
പ്രൈമറി തലത്തില്‍ 7.4 ലക്ഷം അധ്യാപക ഒഴിവുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സെക്കന്ററി തലത്തില്‍ 1.6 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബീഹാര്‍. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രൈമറി-സെക്കന്ററി തലത്തിലെ ആകെ അധ്യാപക ഒഴിവുകളുടെ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സെക്കന്ററി തലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലുമാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വലിയ രീതിയില്‍ അധ്യാപക റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച സംസ്ഥാനമാണ് ബീഹാര്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10000 ലധികം ഒഴിവുകളാണ് ഇത്തവണ ബീഹാറില്‍ ഉണ്ടായത്. അതേസമയം അധ്യാപക ഒഴിവുകള്‍ വളരെ കുറവ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. 2022-23 കാലത്ത് 18000ലധികം അധ്യാപക ഒഴിവുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2023-24ല്‍ പ്രൈമറി തലത്തില്‍ ഇവിടെ അധ്യാപക ഒഴിവുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.