1. ഡിപ്പൻഡൻസ് വിസക്കുള്ള നിയന്ത്രണം (Dependent restrictions)
യുകെയിലേക്ക് ഡിപ്പൻഡൻസ് വിസയിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് കുടിയേറ്റം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിർണായക നീക്കമാണിത്.
2. ശമ്പള പരിധി ഉയർത്തൽ (Salary threshold increases)
മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധിയും യുകെ സർക്കാർ നിശ്ചയിച്ചു. ഇവർക്ക് സ്‌കിൽഡ് വിസ ലഭിക്കാനുള്ള ശമ്പളപരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും.
3. ഹെൽത്ത് കെയർ വിസയിലുള്ള നിയന്ത്രണം (Health and Care Visa tightening)
മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് ലഭിക്കുകയുള്ളൂ
4. ശമ്പള പരിധിയിലെ ഇളവ് മാറ്റൽ (Crackdown on cut-price labour)
ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്ന നിയമത്തിലും യുകെ സർക്കാർ മാറ്റം വരുത്തി. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.
5. സ്റ്റുഡന്റ് ഡിപ്പൻഡൻസ് വിസക്കുള്ള നിയന്ത്രണം (Student dependent restrictions)
പഠിക്കാനായി യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 2023 ൽ സ്റ്റുഡന്റ് വിസക്കൊപ്പം എത്തിയവരുടെ ആശ്രിതർക്ക് 153,000 വിസകളാണ് യുകെ അനുവദിച്ചത്.
സ്‌കിൽഡ് വർക്കർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നിരവധി വിസ വിഭാഗങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പേരും യുകെയിലേക്ക് എത്തുന്നത് എന്നതിനാൽ യുകെ സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യക്കാർക്കും വലിയ തിരിച്ചടിയാകും.