ശ്രീലങ്കയില്‍ കായിക മന്ത്രിയെ പുറത്താക്കി.

0
69

കൊളംബോ : ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയുടേതാണ് തീരുമാനം.

ടൂറിസം മന്ത്രി ഹരിൻ ഫെര്‍ണാണ്ടോയ്ക്ക് പകരം ചുമതല നല്‍കി. റെനില്‍ തന്നെ വധിക്കാൻ ശ്രമിക്കുന്നെന്ന് റോഷൻ ആരോപിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുറത്താക്കല്‍. ക്രിക്കറ്റ് ലോകകപ്പ് തോല്‍വിക്ക് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡില്‍ റോഷൻ നടത്തിയ വിവാദ ഇടപെടലുകളാണ് രാജിയിലേക്ക് നയിച്ചത്.

അഴിമതി ആരോപിച്ച്‌ ക്രിക്കറ്റ് ബോര്‍ഡിനെ റോഷൻ പിരിച്ചുവിടുകയും മുൻ ക്രിക്കറ്റ് താരം അര്‍ജ്ജുന രണതുംഗ അദ്ധ്യക്ഷനായ ഏഴ് അംഗ ഇടക്കാല സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇടക്കാല സമിതിയുടെ പ്രവര്‍ത്തനം കോടതി താത്കാലികമായി തടഞ്ഞു. ക്രിക്കറ്റ് ബോര്‍ഡിലെ ഇടപെടലുകള്‍ക്ക് റോഷനെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ശാസിച്ചു. ക്രിക്കറ്റ് കാര്യങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നെന്ന് കാട്ടി ഐ.സി.സി ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെൻഡ് ചെയ്തിരുന്നു.

ക്രിക്കറ്റ് ബോര്‍ഡ് അഴിമതി മുക്തമാക്കാൻ ശ്രമിച്ച താൻ റോഡില്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ ഉത്തരവാദികള്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ ചീഫ് ഒഫ് സ്റ്റാഫുമായിരിക്കുമെന്ന് റോഷൻ പിന്നാലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വിവാദമായി.

LEAVE A REPLY

Please enter your comment!
Please enter your name here