രാജ്യം സിഗരറ്റ് മുക്തമാക്കാന്‍ കടുത്ത നടപടികളുമായി ന്യൂസിലന്റ്. 2009 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച ആര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. പുകവലിക്കുന്നതിനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലന്‍ഡ് നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്ത് പുകവലി ഘട്ടം ഘട്ടമായി നിര്‍ത്താനുള്ള നിയമം ചൊവ്വാഴ്ചയാണ് പാസാക്കിയത്.
50 വര്‍ഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങുന്ന ഒരാള്‍ക്ക് കുറഞ്ഞത് 63 വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യമായി വരുന്നതാണ് പുതിയ നിയമം. എന്നാല്‍ അതിന് മുന്‍പ് തന്നെ രാജ്യത്ത് പുകവലി ഇല്ലാതാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. 2025ഓടെ ന്യൂസിലന്‍ഡിനെ പുകവലി രഹിതമാക്കുക എന്നതാണ് ലക്ഷ്യം. പുതിയ നിയമം അനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലറ വില്‍പ്പനക്കാരുടെ എണ്ണം 6000 ത്തില്‍ നിന്ന് 600 ആയി കുറച്ചിട്ടുണ്ട്. ഇത് കൂടാതെ സിഗരറ്റിലെ നിക്കോട്ടിന്റെ അളവിലും കുറവ് വരുത്തും.
ഉപയോഗിക്കുന്ന പകുതി ആളുകളെയും കൊല്ലുന്ന ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് ന്യൂസിലന്‍ഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടര്‍ ആയിഷ വെരാള്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ക്യാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, അവയവങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങി പുകവലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിലൂടെ ആരോഗ്യ മേഖലയ്ക്ക് കോടിക്കണക്കിന് തുക ലാഭിക്കാമെന്നും അവര്‍ പറഞ്ഞു. പുതിയ നിയമം യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 76 വോട്ടുകള്‍ നേടിയാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.
എന്നാല്‍, ലിബര്‍ട്ടേറിയന്‍ എസിടി പാര്‍ട്ടി ബില്ലിനെ എതിര്‍ക്കുകയാണുണ്ടായത്. നിയമം നടപ്പിലായാല്‍ ന്യൂസിലന്‍ഡില്‍ ഡയറികള്‍ എന്നറിയപ്പെടുന്ന പല ചെറിയ കടകളുടെയും കച്ചവടം ഇല്ലാതാകുമെന്ന് പാര്‍ട്ടി പാര്‍ലമെന്റില്‍ വാദമുന്നയിച്ചു. രാജ്യത്തിന് ഈ നിയമം മൂലം യാതൊരു ഗുണവുമുണ്ടാകില്ലെന്നും എസിടി ഡെപ്യൂട്ടി ലീഡര്‍ ബ്രൂക്ക് വാന്‍ വെല്‍ഡന്‍ പറഞ്ഞു.
” ഞങ്ങള്‍ ഈ ബില്ലിനെ ഒരിക്കലും അനുകൂലിക്കില്ല. ഈ ബില്ലിലെ നയങ്ങള്‍ വളരെ മോശമാണ്. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ന്യൂസിലന്‍ഡിന് യാതൊരു ഗുണവും ഉണ്ടാകില്ല, ” ബ്രൂക്ക് വാന്‍ വെല്‍ഡന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
നേരത്തെ, ന്യൂസിലന്‍ഡില്‍ 18 വയസ്സിൽകൂടുതലുമുള്ളവര്‍ക്കു മാത്രമായിസിഗരറ്റ് വില്‍പ്പന പരിമിതപ്പെടുത്തിയിരുന്നു. ഗ്രാഫിക് ഹെല്‍ത്ത് വാണിംഗ് അനുസരിച്ചുള്ള പുകയില പാക്കറ്റുകളാണ് വേണ്ടതെന്നും സിഗരറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് പായ്ക്കറ്റുകളില്‍ വില്‍ക്കണമെന്നും അതില്‍ പറയുന്നുണ്ട്. അടുത്തിടെ, ന്യൂസിലന്‍ഡില്‍ സിഗരറ്റിന്റെ നികുതിയും വര്‍ധിപ്പിച്ചിരുന്നു.
ന്യൂസിലന്‍ഡിലെ 8 ശതമാനം മുതിര്‍ന്ന ആളുകളും ദിവസവും പുകവലിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പത്ത് വര്‍ഷം മുമ്പ് ഇത് 16 ശതമാനം ആയിരുന്നു. അതേസമയം, പ്രായപൂര്‍ത്തിയായവരില്‍ 8.3 ശതമാനം പേരും ദിവസവും പുകവലിക്കുന്നുണ്ട്. ആറ് വര്‍ഷം മുമ്പ് ഇത് 1 ശതമാനത്തില്‍ താഴെയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.