ലഡാക്കിലെ ലേ ജില്ലയിൽ വാഹനം റോഡിൽ നിന്ന് തെന്നി അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
മരിച്ചവരിൽ എട്ട് സൈനികരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ഉൾപ്പെടുന്നു. കരു ഗാരിസണിൽ നിന്ന് ലേയ്ക്ക് സമീപമുള്ള ക്യാരിയിലേക്ക് പോവുകയായിരുന്ന ട്രക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒരു എസ്‌യുവിയും ആംബുലൻസും ഉൾപ്പെടെ മൊത്തം 34 ഉദ്യോഗസ്ഥരുള്ള ഒരു ട്രൂപ്പിന്റെ ഭാഗമായിരുന്നു അത്.
തെക്കൻ ലഡാക്കിലെ നിയോമയിലെ കെറേയിൽ ശനിയാഴ്‌ച വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.