മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് അറിയുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. ‘ഹരിയാനയിലെ നുഹിലുണ്ടാക്കിയതിന് സമാനമായ കലാപങ്ങള്‍ മധ്യപ്രദേശിലുണ്ടാക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്. കാരണം ഇതിനെതിരെ സംസ്ഥാനത്ത് വലിയ അമര്‍ഷമുണ്ടെന്ന് ബിജെപിക്ക് അറിയാം,’ അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിന്റെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് സെല്‍ സംഘടിപ്പിച്ച അഭിഭാഷകരുടെ സമ്മേളനമായ ‘വിധിക് വിമര്‍ശന് 2023’ല്‍ സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി.
”2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യസഭാംഗമായ വിവേക് തന്‍ഖ ആയിരക്കണക്കിന് അഭിഭാഷകരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. അന്ന് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വീണ്ടും ഇപ്പോള്‍ ധാരാളം അഭിഭാഷകര്‍ ഇവിടെ തടിച്ചുകൂടുന്നു. സംസ്ഥാനത്ത് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ’, അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ മുതല്‍ സംസ്ഥാന ആസ്ഥാനം വരെ എല്ലാ തലത്തിലും അഴിമതി സംസ്ഥാനത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മദ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു.