തടവുകാരുടെ സ്വഭാവം നന്നാക്കാൻ യുപി സർക്കാർ

0
88

തടവുകാരുടെ വ്യക്തിത്വ വികസനത്തിന് പുതിയ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജയിലുകളില്‍ ഹനുമാന്‍ ചാലിസയും രാമായണത്തിലെ സുന്ദരകാണ്ഡവും പാരായണം ചെയ്യുന്ന പദ്ധതി ആരംഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.ഉത്തര്‍പ്രദേശിലെ ജയില്‍ വകുപ്പ് മന്ത്രി ധരംവീര്‍ പ്രജാപതിയാണ് പദ്ധതി പ്രഖ്യാപിച്ചത്.   ജയിലുകളില്‍ ഇത്തരം മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ താല്‍പ്പര്യ മുള്ളവര്‍ക്ക്  അവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് സുന്ദരകാണ്ഡത്തെപ്പറ്റി ക്ലാസ്സ് എടുക്കും. കൂടാതെ ഹനുമാന്‍ ചാലിസ ജപിക്കാനും അവരോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുകൂടാതെ സാഹിത്യം, എഴുത്ത് എന്നീ മേഖലയിലെ കഴിവ് വികസിപ്പിക്കാനും തടവുകാരെ സഹായിക്കും.

ഇതിലൂടെ അവരെ മികച്ച പൗരന്‍മാരാക്കി മാറ്റാന്‍ സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.വ്യക്തിത്വ വികസന പാഠങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗ്ഗമാണ് ഹനുമാന്‍ ചാലിസ പാരായണമെന്ന് മന്ത്രി പറഞ്ഞു.പരിപാടിയ്ക്ക് സംസ്ഥാനത്തുടനീളമുള്ള ജയില്‍ തടവുകാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഥുര,ആഗ്ര എന്നിവിടങ്ങളിലെ ജയിലുകളില്‍ ഹനുമാന്‍ ചാലിസ മന്ത്രത്തിന്റെ കോപ്പികള്‍ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇത്തരം മതപരമായ മന്ത്രങ്ങള്‍ എല്ലാവരും ചൊല്ലണമെന്ന് നിര്‍ബന്ധമാക്കിയിട്ടില്ല. ഇവ ചൊല്ലുന്നതിലൂടെ തടവുകാര്‍ക്കിടയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതിനാല്‍ ഹനുമാന്‍ ചാലിസ ജപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവയുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് മന്ത്രി പറഞ്ഞു.തടവുകാരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടിയാണ് ഈ പുതിയ രീതി അവലംബിച്ചതെന്ന് മന്ത്രി അസംഗഢ് ജയില്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു. പുറംലോകത്ത് ജീവിക്കാനുള്ള പരിശീലനവും ഇതിലൂടെ തടവുകാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തടവുകാരുടെ ആത്മീയ ബോധം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള ജയില്‍ ലൈബ്രറികളില്‍ മതഗ്രന്ഥങ്ങളും മന്ത്രങ്ങളും എത്തിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്. ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് തടവുകാരോട് മന്ത്രി പറഞ്ഞു. ജയില്‍ സംവിധാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here