ദുരിതാശ്വാസ നിധി വകമാറ്റിയ ഹർജിയിൽ ഇന്ന് ലോകായുക്ത വിധി.

0
61

മുഖ്യമന്ത്രിക്ക് ഇന്ന് നിർണായകദിനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (Chief Minister’s Relief Fund) വകമാറ്റിയ ഹർജിയിൽ ഇന്ന് ലോകായുക്ത (Lokayukta) വിധി പറയും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ലോകായുക്ത ഫുൾബെഞ്ച് വിധി പ്രസ്‌താവിക്കുക. കേസിൽ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് (Lokayukta Division Bench) ഭിന്നവിധി പറഞ്ഞതോടെയാണ് ഫുൾ ബെഞ്ചിലേക്ക് കേസ് ഉത്തരവായത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നത്തെ വിധി ഏറെ നിർണായകമായി മാറുകയാണ്. അതേസമയം വിധി പറയുന്നതിൽ നിന്ന് ഉപലോകായുക്തമാർ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആർ.എസ് ശശികുമാർ നൽകിയ ഇടക്കാല ഹർജിയും ഇന്നാണ് പരിഗണിക്കുക.

2018ലാണ് മുഖ്യമന്ത്രിക്കും  ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരെ ഹർജി ഫയൽ ചെയ്‌തത്. 2019ൽ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് കടം തീർക്കാൻ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് അകമ്പടി പോയ വാഹനം അപകടത്തിൽ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികൾ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് ഹർജി.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഇടക്കാല ഹര്‍ജി ആഗസ്റ്റിൽ ലോകായുക്ത തള്ളിയിരുന്നു. റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തന്നെ തള്ളിയതാണെന്നും പിന്നെന്ത് പ്രസക്തിയെന്നും ലോകായുക്ത മൂന്നംഗ ബെഞ്ച് ചോദിച്ചു. പുതിയ സാഹചര്യത്തില്‍ ഇനി വാദം പ്രധാന ഹര്‍ജിയിൽ നടക്കുമെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

ആര്‍എസ്.ശശികുമാറിൻ്റെ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പെടുന്നതാണോയെന്ന് പരിശോധിക്കണമെന്ന് ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് നേരത്തെ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും അത് കൊണ്ട് ഇനി പരിശോധന വേണ്ടെന്നുമായിരുന്നു ഇടക്കാല ഹര്‍ജി. ഈ ഹര്‍ജിയാണ് ലോകായുക്ത ഇപ്പോള്‍ തള്ളിയത്. കേസിൻ്റെ സാധുത ഒരു തവണ പരിശോധിച്ചതാണെന്നും, വീണ്ടും പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരൻ്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here