ദീപാവലി കഴിഞ്ഞു, ഡൽഹിയുടെ അന്തരീക്ഷം ഗുരുതരാവസ്ഥയിൽ.

0
136

ദീപാവലി ആഘോഷം (Diwali celebration) കഴിഞ്ഞതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും (Delhi) പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷം ഗുരുതരാവസ്ഥയിൽ. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ (Air quality index) വലിയ വർദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ വർദ്ധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തുന്നത്. ദീപാവലി ദിനം ഡൽഹിയിൽ തെളിഞ്ഞ ആകാശമായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ജനങ്ങൾക്ക് ശ്വസിക്കുവാനും വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയായതോടെ അന്തരീക്ഷം മോശമാകുകയായിരുന്നു. ചൂട് കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിക്കുകയായിരുന്നു.

കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം ഡൽഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തിൽ പടക്കം കത്തിക്കുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പടക്കങ്ങൾ കത്തിച്ചത് മൂലം ഡൽഹിയിലെ വായു മലിനീകരണം വർദ്ധിക്കുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു. ദീപാവലി ദിനമായ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഡൽഹിയിലെ എ‌ക്യുഐ 218 ആയിരുന്നു.

ദേശീയ മലിനീകരണം നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ പ്രകാരം 2022 മുതൽ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ എക്യുഐ. ഈ വർഷം, ദീപാവലിക്ക് തൊട്ടുമുമ്പ്, ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടായിരുന്നു. വ്യാഴാഴ്‌ച ദിവസം ശരാശരി എക്യുഐ 437ആയിരുന്നു. വെള്ളിയാഴ്ച ഇടവിട്ടുള്ള മഴയുണ്ടായിരുന്നതും ദീപാവലി ദിവസം ഡൽഹിയെ രക്ഷിക്കുകയായിരുന്നു.

ഒക്‌ടോബർ 28 മുതൽ രണ്ടാഴ്ചക്കാലം ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം വളരെ മോശം അവസ്ഥയിലായിരുന്നു. ഈ കാലയളവിൽ രാജ്യ തലസ്ഥാനം പുകമഞ്ഞിൽ അകപ്പെട്ട പ്രതീതിയായിരുന്നു. അതേസമയം ദീപാവലിക്ക് മുൻപ് ചെറിയ രീതിയിലുള്ള മഴയും മറ്റു അനുകൂല കാലാവസ്ഥകളും കാരണം വായുവിൻ്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

പഞ്ചാബും ഹരിയാനയും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മഴ എത്തിയിരുന്നു. മാത്രമല്ല വൈക്കോൽ കത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ ഡൽഹിയിലെ വായു മലിനീകരണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കാറ്റിൻ്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററായി ഉയരുമെന്നും ഇത് ദീപാവലിക്ക് മുമ്പ് മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും മലിനീകരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here