അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ഇന്ത്യയില്‍ നല്‍കുന്ന ധനസഹായത്തെച്ചൊല്ലിയുള്ള അടുത്തിടെയുണ്ടായ തര്‍ക്കം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് രാജ്യത്ത് തുടക്കമിട്ടത്. ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണത്തെ സ്വാധീനിക്കാന്‍ യുഎസ്എഐഡി ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ യുഎസ്എഐഡിയുടെ സാമ്പത്തിക ഇടപെടല്‍ വികസന പദ്ധതികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയകളിലേക്ക് അത് വ്യാപിക്കുന്നില്ലെന്നും ആണ് ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. അതേസമയം ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വിരുദ്ധ ആഖ്യാനം നല്‍കി ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാന്‍ ആണ് ശ്രമിച്ചത്.
ധനകാര്യ മന്ത്രാലയത്തിന്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ്എഐഡി ഇന്ത്യയിലെ ഏഴ് പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാമര്‍ശിക്കുന്നു, ഇതിലെ ആകെ ധനസഹായം ഏകദേശം 750 മില്യണ്‍ ഡോളറായിരുന്നു. ഈ പദ്ധതികള്‍ പ്രധാനമായും കൃഷി, ജല ശുചിത്വം, പുനരുപയോഗ ഊര്‍ജ്ജം, ദുരന്തനിവാരണം, ആരോഗ്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വോട്ടര്‍മാരുടെ പങ്കാളിത്ത സംരംഭങ്ങള്‍ക്കായി അനുവദിച്ച ഫണ്ടുകളെക്കുറിച്ച് ഇതില്‍ പരാമര്‍ശമൊന്നുമില്ല.
ട്രംപ് പറഞ്ഞ 21 മില്യണ്‍ ഡോളര്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയവും നാഗരികവുമായ ഇടപെടലിനെ പിന്തുണയ്ക്കുന്നതിനായി 2022 ല്‍ ബംഗ്ലാദേശിനായി നീക്കിവെച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍, ട്രംപിന്റെ അവകാശവാദങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ 13.4 മില്യണ്‍ ഡോളര്‍ വിതരണം ചെയ്തിരുന്നു. ഇത് വ്യക്തമായിരുന്നിട്ടും ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചു, ഇത് നയതന്ത്ര സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
യുഎസ്എഐഡി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദങ്ങളെ ‘അഗാധമായ അസ്വസ്ഥത ഉളവാക്കുന്നവ’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും പരമാധികാരവുമായി തുടരുന്നു എന്ന് ഊന്നിപ്പറഞ്ഞു.