
ബെംഗളൂരു: റണ്‍മഴ കണ്ട ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ പാകിസ്താനെ ഓസ്‌ട്രേലിയ തകര്‍ത്തു. റണ്ണൊഴുകിയ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പാക് പടയെ 62 റണ്‍സിനാണ് കംഗാരുപ്പട വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ ഓസീസിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിതെങ്കില്‍ പാകിസ്താന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയാണിത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ പാകിസ്താനെ പിന്തള്ളി ഓസീസ് നാലാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.368 റണ്‍സെന്ന ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയലക്ഷ്യമായിരുന്നു ഈ മല്‍സരത്തില്‍ പാകിസ്താന് മുന്നില്‍ ഓസീസ് വച്ചത്. റെക്കാര്‍ഡ് റണ്‍ചേസില്‍ നന്നായി തുടങ്ങിയ ശേഷം പാകിസ്താന്‍ പരാജയത്തിലേക്കു വീഴുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായിരുന്നു.
എന്നാല്‍ ഈ സഖ്യം വേര്‍പിരിഞ്ഞ ശേഷം അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 45.3 ഓവറില്‍ 305 റണ്‍സിന് പാകിസ്താന്‍ കൂടാരം കയറുകയും ചെയ്തു.ഓപ്പണര്‍മാരായ ഇമാമുള്‍ ഹഖും (70) അബ്ദുള്ള ഷഫീഖുമാണ് (64) പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ് റിസ്വാന്‍ (46), സൗദ് ഷക്കീല്‍ (30), ഇഫ്തിഖാര്‍ അഹജദ് (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിനും അപ്പുറമായിരുന്നു. ഓസീസിനായി സ്പിന്നര്‍ ആദം സാംപ നാലു വിക്കറ്റുകളെടുത്തു. പാറ്റ് കമ്മിന്‍സും മാര്‍ക്കസ് സ്റ്റോയ്‌നിസും രണ്ടു വിക്കറ്റ് വീതവും നേടി. നേരത്തേ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടെയും (163) മിച്ചെല്‍ മാര്‍ഷിന്റെയും (121) ഗംഭീര സെഞ്ച്വറികള്‍ ഓസ്‌ട്രേലിയയെ ഒമ്പതു വിക്കറ്റിനു 367 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 400ന് മുകളില്‍ ഓസീസ് സ്‌കോര്‍ ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാന 15 ഓവറില്‍ മികച്ച ബൗളിങിലൂടെ പാകിസ്താന്‍ അവരെ 367ലൊതുക്കകുയായിരുന്നു.124 ബോളില്‍ 14 ഫോറും ഒമ്പതു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. മാര്‍ഷ് 108 ബോളില്‍ 10 ഫോറും ഒമ്പതു സിക്‌സറുകളുമടിച്ചു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വാര്‍ണറെ പുറത്താക്കാന്‍ പാകിസ്താനു സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിംപിള്‍ ക്യാച്ച് പാക് താരം ഉസാമ മിര്‍ താഴെയിടുകയായിരുന്നു.
ഇതിനു വലിയ വിലയാണ് പിന്നീട് പാകിസ്താന് നല്‍കേണ്ടി വന്നത്. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് ജോടി 259 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ തന്നെ മല്‍സരം പാകിസ്താനില്‍ നിന്നും വഴുതിപ്പോയിരുന്നു.പാകിസ്താന്‍ ബൗളിങില്‍ മികച്ചുനിന്നത് ഷഹീന്‍ അഫ്രീഡിയായിരുന്നു. അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 54 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ഹാരിസ് റൗഫ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. നേരത്തേ ടോസിനു ശേഷം പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യയോടു പരാജയപ്പെട്ട തൊട്ടുമുമ്പത്തെ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് പാകിസ്താന്‍ ഇറങ്ങിയത്. ഷദാബ് ഖാനു പകരം ഉസാമ മിറിനെ അവര്‍ കളിപ്പിക്കുകയായിരുന്നു. എന്നാല്‍ ഓസീസ് അവസാന മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി.