വിവാദങ്ങൾക്കിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രതിനിധി ഴ ലിയു പറഞ്ഞു. അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് വുഷു കളിക്കാർക്ക് വിസ നിഷേധിച്ച ചൈനയുടെ തീരുമാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് ലിയുവിന്റെ പ്രസ്താവന.
രാജ്യങ്ങൾ തമ്മിലുള്ള നിലവിലെ ബന്ധം സുസ്ഥിരമാണെന്നും ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ സംഭാഷണവും ആശയവിനിമയവും നിലനിർത്തുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ലിയു വ്യക്തമാക്കി.
“ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള സംഭാഷണവും ആശയവിനിമയവും ശക്തിപ്പെടുത്താനും, നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ആരോഗ്യകരവും സുസ്ഥിരവുമായ പാതയിൽ ഉഭയകക്ഷി ബന്ധത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും, ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്.”- ലിയോ വ്യക്തമാക്കി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ 74-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസമാധാനത്തിന്റെ നിർമ്മാതാവായും ആഗോള വികസനത്തിന് സംഭാവന ചെയ്യുന്ന ശക്തിയായും, അന്താരാഷ്ട്ര ക്രമത്തിന്റെ സംരക്ഷകനായും പ്രവർത്തിക്കാൻ, ഇന്ത്യ ഉൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളുമായും പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.