കേരള ബാങ്ക് ഡയറക്ടര്‍ സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് എംഎൽഎ പി. അബ്ദുൽ ഹമീദിനെതിരെ പോസ്റ്റര്‍

0
63

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. ‘പാര്‍ട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽനിന്നും പുറത്താക്കുക…’ എന്നാണ് അദ്ദേഹത്തിന്റെ ചിത്രമടക്കമുള്ള പോസ്റ്ററിലുള്ളത്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫിസിന്റെ മുന്നിലടക്കം പേര് വെക്കാത്ത പോസ്റ്റർ പതിച്ചിട്ടുണ്ട്. ലീഗ് ഓഫീസിന് മുന്നിലെ പോസ്റ്റർ പിന്നീട് ഓഫീസ് ജീവനക്കാരൻ നീക്കം ചെയ്തു.മുസ്ലിം ലീഗിന് കേരള ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനം നല്‍കിയ സിപിഎം നടപടിക്ക് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കേരള ബാങ്ക് രൂപപീകരണത്തെ ശക്തമായി എതിര്‍ത്തിരുന്ന പി അബ്ദുൽ ഹമീദ് അതേബാങ്കില്‍ ഡയറക്ടർ സ്ഥാനം സ്വീകരിച്ചതില്‍ ഒരുവിഭാഗം ലീഗ് അണികളിൽ കടുത്ത എതിര്‍പ്പുണ്ട് . കോണ്‍ഗ്രസും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെതിരെ മലപ്പുറം ജില്ല ബാങ്ക് നിയമപോരാട്ടം തുടരുന്നതിനിടെയാണ് നടപടി. നിലവിൽ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുൽ ഹമീദ്.അതേസമയം, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എംഎല്‍എയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഭരണസമിതി അംഗമാക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്. സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്കില്‍ നേരത്തെ ലീഗ് പ്രതിനിധി ഉണ്ടായിരുന്നു. സഹകരണ മേഖലയില്‍ രാഷ്ട്രീയം കാണാതെ എല്ലാവരും ഒരുമിച്ചു പോകണമെന്നാണ് ലീഗ് നിലപാടെന്നും സലാം പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here