ന്യൂഡല്‍ഹി| ബൈക്കുകള്‍ കൂട്ടിയിടിച്ച് ഡോക്യുമെന്ററി സംവിധായകന് ദാരുണാന്ത്യം. പീയുഷ് പാല്‍ (30) ആണ് മരിച്ചത്.
തെക്കന്‍ ഡല്‍ഹിയിലെ ട്രാഫിക് സിഗ്‌നലിലാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പീയുഷിന് മരണം സംഭവിച്ചത്. ഒക്ടോബര്‍ 28ന് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ഇതിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞു.
പഞ്ച്ഷീല്‍ എന്‍ക്ലേവിനടുത്തുള്ള റോഡിലാണ് സംഭവം. പീയുഷിന്റെ ബൈക്കില്‍ പിന്നില്‍ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി പീയുഷിനെ റോഡിലൂടെ വലിച്ചിഴച്ചു. രക്തത്തില്‍ കുളിച്ചുകിടന്ന പീയുഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ആദ്യം ആരും തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. പലരും ചുറ്റും കൂടി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. പരിക്കേറ്റ് 20 മിനിട്ടോളം റോഡരികില്‍ കിടന്ന ശേഷമാണ് ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും സുഹൃത്ത് പറഞ്ഞു.
ഈ സമയത്ത് പീയുഷിന്റെ മൊബൈല്‍ ഫോണും ഗോ പ്രോ കാമറയും മോഷ്ടിക്കപ്പെട്ടെന്നും സുഹൃത്ത് പറഞ്ഞു. ചികിത്സയ്ക്കിടെയാണ് പീയുഷിന് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ സ്വതന്ത്ര ഫിലിം മേക്കറായി ജോലി ചെയ്തിരുന്ന പീയുഷ് പാല്‍ തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജിയിലാണ് താമസിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബണ്ടി എന്ന ബൈക്ക് റൈഡര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.