ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ച പൊലീസ് വാഹനമാണ് നടൻ്റെ കാറിൽ മുട്ടിയത്. പൊലീസ് വാഹനം മനഃപ്പൂർവ്വം തൻ്റെ കാറിൽ ഇടിക്കുകയായിരുന്നു എന്ന ആരോപണവുമായി കൃഷ്ണകുമാർ രംഗത്തെത്തി. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്നും കൃഷ്ണകുമാർ ആരോപിച്ചു. ഇതു സംബന്ധിച്ച് കൃഷ്ണകുമാർ പന്തളം പൊലീസിൽ പരാതി നൽകി.
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കുവാൻ മുഖ്യമന്ത്രി എംസി റോഡിലെ പന്തളം വഴി പോകവേയാണ് അപകടം നടന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ വാഹനം വ്യൂഹത്തിന് ഏറ്റവും പിന്നിലായി പോയിരുന്ന പൊലീസ് സ്ട്രൈക്കർ വാഹനമാണ് നടൻ കൃഷ്ണകുമാറിൻ്റെ കാറിൽ മുട്ടിയത്. തൻ്റെ കാറിൽ മനഃപ്പൂർവ്വം പൊലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാർ ആരോപണം ഉന്നയിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ തങ്ങളുടെ കാർ റോഡിൻ്റെ ഒരു വശത്തേക്ക് നീങ്ങിയെന്നും കൃഷ്ണകുമാർ പറയുന്നു.
മാത്രമല്ല ഇടിച്ച ശേഷം പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കാറിൽ ഉണ്ടായിരുന്നവരോട് മോശമായി പെരുമാറി എന്നും കൃഷ്ണകുമാർ ആരോപിക്കുന്നുണ്ട്. അസഭ്യം പറയുന്നതടക്കം കാറിലുള്ളവരോട് വളരെ മോശമായ രീതിയിലാണ് പൊലീസുകാർ പെരമാറിയത്. തുടർന്ന് കൃഷ്ണകുമാർ ഇടിച്ച കാറിൽ തന്നെ പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി സിഐക്ക് പരാതി നൽകുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് തങ്ങളെ അപകടത്തിൽപ്പെടുത്താൻ നോക്കിയെന്നും ഇത് ചോദ്യം ചെയ്ത് തങ്ങളെ അസഭ്യം പറഞ്ഞെന്നും കൃഷ്ണകുമാർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് അകമ്പടി സേവിച്ച സ്ട്രൈക്കർ വാഹനമാണ് അപകടം വരുത്തി വെച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട കാറിന് കേടുപാടുകൾ ഉണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.