ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ആചാര്യ ബാലകൃഷ്ണയും ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പ് പറഞ്ഞു. ആദ്യം പറഞ്ഞ മാപ്പപേക്ഷ വലുതായി കാണാത്ത രീതിയിൽ പ്രദർശിപ്പിക്കാത്തതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഇരുവരേയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്ത്യൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ/ ഉത്തരവുകൾ പാലിക്കാത്തതിന് അല്ലെങ്കിൽ അനുസരണക്കേട് കാണിച്ചതിന് പതഞ്ജലി ആയുർവേദിനെ പ്രതിനിധീകരിച്ച് തങ്ങളുടെ വ്യക്തിപരമായ ശേഷിയിലും നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാംദേവും ബാലകൃഷ്ണയും പരസ്യത്തിൽ പറഞ്ഞു.
ഞങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സംഭവിച്ച തെറ്റിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, അത്തരം തെറ്റുകൾ ആവർത്തിക്കില്ല എന്നത് ഞങ്ങൾ ഉറപ്പ് നൽകുന്നു,” മാപ്പപേക്ഷയിൽ പറയുന്നു.
പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളുടെ വാദം കേൾക്കുന്നതിനിടെ, പത്രങ്ങളിൽ നൽകിയ മാപ്പിൻ്റെ വലുപ്പം നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ 67 ഓളം പത്രങ്ങളിൽ പരസ്യമായി മാപ്പ് പറയുകയും തങ്ങളുടെ അനുതാപം പ്രകടിപ്പിച്ച് കൂടുതൽ പരസ്യങ്ങൾ നൽകാൻ തയ്യാറാണെന്നും രാംദേവും ബാലകൃഷ്ണയും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിനോട് പറഞ്ഞിരുന്നു. 10 ലക്ഷം രൂപയാണ് പരസ്യത്തിന് ചെലവായതെന്നാണ് ഇവരുടെ വാദം.