ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ ഒരു ഡിസ്റ്റിലറിയിലെ ജീവനക്കാരുമായി പോയ ബസ് കുഴിയിൽ മറിഞ്ഞ് 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 40 പേരുമായി പോയ ബസ് ആണ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു ബസ് അപകടത്തിൽ പെട്ടതെന്ന് എസ്പി ജിതേന്ദ്ര ശുക്ല എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണതായാണ് സൂചന.
അപകടത്തിൽ പരിക്കേറ്റ 14 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് റിച്ച പ്രകാശ് ചൗധരി പറഞ്ഞു. സംഭവത്തിൻ്റെ കാരണം കണ്ടെത്താൻ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും അതിനനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.