കൊച്ചി: സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെന്ന് ബിജെപി വക്താവ് ടോം വടക്കൻ. മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്നും കേസ് കേന്ദ്രത്തിന്റെ ശ്രദ്ധയിലാണെന്നും ടോം വടക്കൻ വ്യക്തമാക്കി. അതേസമയം കേരളത്തിൽ പ്രവൃത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകുന്നില്ലെന്നും ടോം വടക്കൻ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും എന്താണോ നേരത്തെ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എന്നാൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നട്ടാൽ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ച് തള്ളുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.