തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണത്തിന് ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ക്വാട്ടയുടെ അളവ് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. സ്വകാര്യ മേഖലയിലും സംവരണം നീട്ടണം. 2015-ല്‍ ശേഖരിച്ച സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് ഡാറ്റ പുറത്തുവിടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ രണ്ടാം ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് പുറമെ ജുഡീഷ്യല്‍ നിയമനങ്ങളില്‍ പിന്നാക്ക സമുദായങ്ങള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യവും സംവരണവും വേണമെന്നും സ്റ്റാലിന്‍ പറഞ്ഞു. പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്ക് ആനുപാതിക പ്രാതിനിധ്യവും സംവരണവും നല്‍കേണ്ടതിന്റെ ആവശ്യകതയേറെയാണ്. ഐഐടി, ഐഐഎം, ഐഐഎസ്സി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ ഈ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എസ്സി, എസ്ടി, ഒബിസി ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ സാമൂഹിക നീതി കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിഷയത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സ്റ്റാലിന്‍ പരിഹസിച്ചു. ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം കൃത്യമായി നടപ്പാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി പ്രതിജ്ഞാബദ്ധമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ശുപാര്‍ശ ചെയ്യുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന് ശേഷം 1990 ല്‍ വി പി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ഉള്‍പ്പെടെയുള്ള സംവരണത്തോടുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും മുന്‍കാല എതിര്‍പ്പിനെയും ഡിഎംകെ മേധാവി ചോദ്യം ചെയ്തു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇപ്പോള്‍ സംവരണത്തെ പിന്തുണയ്ക്കുന്നത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രേരിത നീക്കമാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.