കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്ത് നാടിറങ്ങിയ കാട്ടു പോത്ത് കിണറ്റിൽ വീണു. ഇടക്കുന്നം സിഎസ്ഐ പള്ളിക്കു സമീപം കൊച്ചു വീട്ടിൽ ഷിബുവിന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് പോത്തിനെ പലരും കണ്ടിരുന്നു. വനമേഖലയിൽ നിന്ന് സമീപത്തെ റബർ എസ്റ്റേറ്റുകളിലൂടെ കാട്ടുപോത്ത് ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പശുതൊഴുത്തിൽ കയറിയ കാട്ടുപോത്തിനെ വീട്ടുകാർ ബഹളം വച്ച് ഓടിച്ചിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ അകപ്പെട്ടത്.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാലും ജനക്കൂട്ടം തടിച്ചുകൂടിയതിനാലും പോത്തിനെ പുറത്തെത്തിക്കാനുള്ള നടപടികൾ വൈകി. പോത്തിന് 500 കിലോയിലേറെ തൂക്കം ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം പനയ്ക്കച്ചിറയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ പുറത്തെത്തിച്ചപ്പോൾ അഗ്നിരക്ഷാ ജീവനക്കാരനെ ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോത്തിനെ കരയ്ക്കെത്തിക്കാൻ മയക്കുവെടി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.