ഭാര്യയെ പരിശോധിച്ച ഡോക്ടറെ തല്ലിയ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

0
61

കൊച്ചി: ഭാര്യയെ പരിശോധിച്ച ഡോക്ടറെ മര്‍ദിച്ച ഭര്‍ത്താവിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഭാര്യയോട് പരിശോധനയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവ് തല്ലിയത്.

ജാമ്യം നിഷേധിച്ച കോടതി നിര്‍ണായക നിരീക്ഷണവും നടത്തി. രോഗമെന്താണെന്ന് പരിശോധിക്കുമ്പോള്‍ സ്പര്‍ശിക്കാതെ ചികിത്സ നടക്കില്ലെന്നും കോടതി പറഞ്ഞു. ഡോക്ടമാരുടെ പ്രൊഫഷനില്‍ അത്തരം കാര്യം നിര്‍ബന്ധമായുള്ള കാര്യമാണെന്നും കോടതി വ്യക്തമാക്കി.

ഒരു രോഗി ചികിത്സ വേണമെങ്കില്‍ ഡോക്ടര്‍മാര്‍ ശാരീരികമായി തന്നെ പരിശോധന നടത്തേണ്ടി വരും. അല്ലാതെ രോഗം കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും കോടതി പറഞ്ഞു.

ചികിത്സ നടത്തുമ്പോള്‍ സ്‌റ്റെതസ്‌കോപ്പ് നെഞ്ചില്‍ വെക്കേണ്ടി വരും. അതിലൂടെ മാത്രമേ ഹൃദയസ്പന്ദനം തിരിച്ചറിയാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

അതേസമയം സമയം തന്നെ ഡോക്ടര്‍മാര്‍ അതിരുകടന്ന പരിശോധന നടത്തുകയും, മോശമായി പെരുമാറുകയും ചെയ്യുന്നത് കാണാതിരിക്കാന്‍ സാധിക്കില്ലെന്നും, അത്തരം സത്യസന്ധമായ കേസുകള്‍ അവഗണിക്കില്ലെന്നും കോടതി പറഞ്ഞു. അങ്ങനെയുള്ള കേസുകളിലെ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടത്. സാഹചര്യങ്ങളും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജനുവരി എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഡോക്ടര്‍ ആ ദിവസം ഈ വ്യക്തിയുടെ ഭാര്യയെ പരിശോധിച്ചിരുന്നു. കാഷ്വാലിറ്റി വിഭാഗത്തില്‍ വെച്ചായിരുന്നു പരിശോധന.

ഇതിനിടെ പ്രതി ഡോക്ടറുടെ കോളറിന് പിടിച്ച് മര്‍ദിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന കാരണത്താലായിരുന്നു അടിച്ചത്. അതേസമയം ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നായിരുന്നു ആരോപണം.

രണ്ട് നഴ്‌സുമാരുടെയും, ഇയാളുടെ ഭാര്യയുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അത് മാത്രമല്ല ഡോക്ടറുടെ കേസ് ഇയാള്‍ക്കെതിരെ വന്നതിന് ശേഷമാണ്, ഈ യുവാവ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചത്. ജാമ്യം നല്‍കിയാല്‍, അതൊരു അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും, കര്‍മനിരതരായ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കാത്ത അവസ്ഥ വരുമെന്നും, അതിലൂടെ പൊതുജനത്തിന് ലഭിക്കുന്ന ചികിത്സ വരെ അവതാളത്തിലാകുമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here