കൊച്ചി: പ്രശസ്ത സിനിമ തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിചരണത്തിലായിരുന്നു കഴിഞ്ഞ ഒരു മാസമായി കഴിഞ്ഞ് വന്നിരുന്നത്. ആരോഗ്യനില കൂടുതല്‍ വഷളായതോടെ നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
മലയാളചലച്ചിത്ര തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ജോൺപോൾ. ജോൺപോൾ പുതുശ്ശേരി എന്നും അറിയപ്പെടുന്നു. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ.