കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കേര്‍പ്പെടുത്തി താലിബാന്‍. നേരത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ – സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമി ഇക്കാര്യം വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ വിമര്‍ശിച്ചു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരോ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത്.