തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുതവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിച്ചവരെ പരിഗണിക്കരുതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. കാര്യപ്രാപ്തരായ സ്ത്രീകളെ ജനറല്‍ സീറ്റുകളിലേക്കും പരിഗണിക്കണമെന്നും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി.
തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കണമെന്ന കഴിഞ്ഞതവണത്തെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഇളവ് വേണമെന്ന അഭിപ്രായം കീഴ്ഘടകങ്ങള്ക്കുണ്ടെങ്കില് ഉപരി കമ്മിറ്റികള്‍ വഴി ജില്ല കമ്മിറ്റിയെ അറിയിക്കണം.ജില്ല സെക്രേട്ടറിയറ്റിേന്റതാകും അന്തിമ തീരുമാനം. ലോക്കല്‍ -ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ സ്ഥാനാര്‍ഥികളാകാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതിലും കര്‍ശന പരിശോധനക്ക് വിധേയമായിവേണം ഇളവ് ആലോചിക്കാന്‍. യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നെന്ന് ഘടകങ്ങള്‍ ഉറപ്പുവരുത്തണം.
കോര്പറേഷന്, നഗരസഭകളില്‍ അധ്യക്ഷ സ്ഥാനം വനിത സംവരണമാണെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം അവധാനതയോടെ പരിഗണിക്കണം. പട്ടികജാതി വിഭാഗക്കാരെ സംവരണ സീറ്റുകളിലേക്ക് മാത്രമായി നിശ്ചയിക്കരുത്. കഴിവുള്ളവരെ ജനറല്‍ വാര്‍ഡുകളില്‍ നിര്‍ത്തണം. വിജയസാധ്യതയാകണം സ്ഥാനാര്ഥിത്വത്തിെന്റ മാനദണ്ഡം. സര്‍ക്കാര്‍, പൊതുമേഖലയില്‍നിന്ന് വിരമിച്ച സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദത്തിന് പാടെ വഴങ്ങരുത്. പാര്‍ട്ടിയിലും വര്‍ഗ ബഹുജന സംഘടനയിലും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചവര്ക്കാകണം പരിഗണന നല്‍കേണ്ടത്.
താഴേത്തട്ടില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷവും പ്രവര്‍ത്തനത്തില്‍ വിരക്തിയും ഉണ്ടാകുന്നതരത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം മാറരുതെന്നും നിര്‍ദേശമുണ്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഉള്‍ക്കൊള്ളാനായി എല്‍.ഡി.എഫ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും നേതൃത്വം നിര്‍ദേശിച്ചു. കേരള കോണ്‍ഗ്രസ് പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി വേണം സീറ്റ് വിഭജനം നടത്താന്‍. സി.പി.എം നേതൃത്വത്തില്‍ ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍ തങ്ങള്‍ നടത്തിയ വികസനപ്രവര്‍ത്തനം പ്രസിദ്ധീകരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പ്രകടനപത്രിക തയാറാക്കുന്ന പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.