പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. വള്ളിക്കാട് വാര്‍ക്കാട് സ്വദേശി സുബ്രഹ്മണ്യനാണ് മരിച്ചത്.
ആന ഇടഞ്ഞതോടെ ആള്‍ക്കൂട്ടം ചിതറി ഓടുന്നതിനിടയില്‍ സുബ്രഹ്മണ്യന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പാലക്കാട് കല്ലേക്കാട് പാളയം മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
തിക്കിലും തിരക്കിലും പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേക്കാട് ഷൊര്‍ണൂര്‍ റോഡില്‍ വച്ചാണ് ഇടഞ്ഞ ആനയെ പാപ്പാന്മാര്‍ തളച്ച് ലോറിയില്‍ കയറ്റിയ ശേഷമാണ് ആള്‍ക്കൂട്ടം ശാന്തമായത്.
സുബ്രഹ്മണ്യന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ശനിയാഴ്ച ജില്ലാ ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.