തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിന് നേതൃത്വം നൽകുക ഐജിയായിരിക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി തീരുമാനിക്കും.
അതേസമയം മജിസ്‌ട്രേറ്റും ശവശരീരം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച അൻസാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സ്റ്റേഷനിലെ ശിശു-സൗഹൃദ കേന്ദ്രത്തിലാണ് പരിശോധന.
അൻസാരിയുടേത് ആത്മഹത്യ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
സ്റ്റേഷനിൽ എത്തിച്ച ശേഷം ജിഡി രജിസ്റ്ററിൽ അൻസാരിയുടെ കസ്റ്റഡി വിവരം രേഖപ്പെടുത്താത്തത് പൊലീസിന്റെ വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യവും അന്വേഷണപരിധിയിലുണ്ട്. അൻസാരിയെ പൊലീസ് മർദിച്ചിട്ടില്ലെന്ന് അൻസാരിയോടൊപ്പം സ്റ്റേഷനിലെ മുറിയിലുണ്ടായിരുന്നവർ പറഞ്ഞു.
മൊബൈൽ മോഷണം നടത്തിയെന്ന പേരിൽ നാട്ടുകാരാണ് അൻസാരിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.