ജമ്മു കശ്മീരിൽ ആദ്യമായി കോബ്ര യൂണിറ്റിനെ വിന്യസിച്ചു; ഭീകരർക്കെതിരെ പോരാട്ടം ശക്തം.

0
48

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിനു (സിആർപിഎഫ്) കീഴിലുള്ള കോബ്രാ (CoBRA) യൂണിറ്റിനെ ആദ്യമായി ജമ്മു കശ്മീരിൽ വിന്യസിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമാനമായ സുരക്ഷാ ദൗത്യങ്ങൾക്കായാണ് കോബ്ര യൂണിറ്റിനെ ജമ്മു കശ്മീരിൽ വിന്യസിച്ചത് എന്നാണ് സൂചന. ഇവർക്ക് ഇതുവരെ പ്രത്യേക ചുമതലകളൊന്നും നൽകിയിട്ടില്ല. നേരത്തേ ബീഹാറിലും ജാർഖണ്ഡിലും വിന്യസിച്ചിരുന്ന കോബ്ര യൂണിറ്റുകളാണ് കശ്മീരിലെത്തിയത്. ബീഹാറിലും, ജാർഖണ്ഡിലും ഇത്തരം കേസുകൾ കുറഞ്ഞതിനെ തുടർന്നാണ് കോബ്ര കമാൻഡോകളെ കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. ‌‌

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയാണ് കോബ്ര കമാൻഡോകളെ കശ്മീരിൽ വിന്യസിക്കാനുള്ള തീരുമാനം എത്തുന്നത്. രണ്ട് ആർമി ഓഫീസർമാരെയും ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും ബുധനാഴ്ച മുതൽ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവർ ഒളിച്ചിരിക്കുന്നതായി കരുതുന്ന വനമേഖലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോ​ഗിച്ച് സുരക്ഷാ സേന നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (Commando Battalion for Resolute Action) എന്നതിന്റെ ചുരുക്കരൂപമാണ് കോബ്ര. സിആർപിഎഫിന്റെ ഒരു പ്രത്യേക ഗറില്ലാ വാർഫെയർ കമാൻഡോ യൂണിറ്റാണിത്. വനപ്രദേശങ്ങളിൽ ഓപ്പറേഷനുകൾ നടത്താനും ഇവർ പരിശീലനം നേടിയിട്ടുണ്ട്. പല കോബ്ര ടീമുകളും മുൻപ് വിവിധ നക്സൽ ബാധിത സംസ്ഥാനങ്ങളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായും ഇവരെ നിയോ​ഗിച്ചിട്ടുണ്ട്.

ഏകദേശം 3.25 ലക്ഷം പട്ടാളക്കാരാണാണ് സിആർപിഎഫിന്റെ ഭാ​ഗമായിട്ടുള്ളത്. ജമ്മു കശ്മീരിലെ മൂന്ന് പ്രധാന തിയേറ്ററുകൾ, നക്സലിസം, മാവോയിസം തുടങ്ങിയവ രൂക്ഷമായ സംസ്ഥാനങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള കലാപബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവരെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here