ഐപിഎല്‍ ആയിരാം രാവ് മുംബൈ ഇന്ത്യന്‍സിനൊപ്പം.

0
71

മുംബൈ: ഐപിഎല്‍ ആയിരാം രാവ് മുംബൈ ഇന്ത്യന്‍സിനൊപ്പം. ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സര്‍ ഫിനിഷിംഗില്‍ ആറ് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം മൂന്ന് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് പിറന്നാള്‍ മധുരം നല്‍കുകയായിരുന്നും വെടിക്കെട്ട് ഫിനിഷിംഗിലൂടെ ടിം ഡേവിഡ്. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ്-212/7 (20), മുംബൈ ഇന്ത്യന്‍സ്-214/4 (19.3).

മറുപടി ബാറ്റിംഗില്‍ പിറന്നാള്‍ ബോയി രോഹിത് ശര്‍മ്മയെ(5 പന്തില്‍ 3) ഇന്നിംഗ്‌സിലെ രണ്ടാം ഓവറിന്‍റെ അവസാന പന്തില്‍ സന്ദീപ് ശര്‍മ്മ ബൗള്‍ഡാക്കി. എങ്കിലും മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ പവര്‍പ്ലേയില്‍ 58-1 എന്ന സ്കോറില്‍ എത്തിച്ചു. ഒന്‍പതാം ഓവറില്‍ ഇഷാന്‍ കിഷന്‍(23 പന്തില്‍ 28) അലക്ഷ്യ ഷോട്ട് കളിച്ച് അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലാകുമെന്ന് തോന്നിച്ചു. സംഭവിച്ചത് മറ്റൊന്നാണ്, ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തന്‍റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് വന്നപാടെ അടിതുടങ്ങിയതോടെ മുംബൈ കുതിച്ചു. ഇതിനിടെ കാമറൂണ്‍ ഗ്രീനിനെയും(26 പന്തില്‍ 44) അശ്വിന്‍ മടക്കി.

വാംഖഡെ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 212 റണ്‍സെടുക്കുകയായിരുന്നു. 53 പന്തില്‍ ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചപ്പോള്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും ഉള്‍പ്പടെയുള്ള സ്റ്റാര്‍ ബാറ്റര്‍മാര്‍ നിരാശരാക്കി. 62 പന്തില്‍ 16 ഫോറും 8 സിക്‌സും സഹിതം യശസ്വി ജയ്‌സ്വാള്‍ 124 റണ്‍സ് നേടി. ബാറ്റിംഗിന് ഇറങ്ങിയ 9 പേരില്‍ മറ്റാരും ഇരുപതിനപ്പുറം കടക്കാതിരുന്നപ്പോള്‍ ജോസ് ബട്‌ലര്‍(18), സഞ്ജു സാംസണ്‍(14), ദേവ്‌ദത്ത് പടിക്കല്‍(2), ജേസന്‍ ഹോള്‍ഡര്‍(11), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(8), ധ്രുവ് ജൂരെല്‍(2), രവിചന്ദ്രന്‍ അശ്വിന്‍(8*), ട്രെന്‍ഡ് ബോള്‍ട്ട്(0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍.

മുംബൈ ഇന്ത്യന്‍സിനായി അര്‍ഷാദ് ഖാന്‍ മൂന്നും പീയുഷ് ചൗള രണ്ടും ജോഫ്ര ആര്‍ച്ചറും റിലി മെരിഡിത്തും ഓരോ വിക്കറ്റും നേടി. കാമറൂണ്‍ ഗ്രീനും മെരിഡിത്തും അര്‍ഷാദും 10 റണ്‍സിലധികം ഇക്കോണമിയിലാണ് പന്തെറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here