201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് നാല് വിക്കറ്റിന്‍റെ വിജയം പേരിലാക്കിയാണ് ചെപ്പോക്ക് വിട്ടത്. 42 റണ്‍സെടുത്ത് പ്രഭ്സിമ്രാൻ സിംഗ്, 40 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണ്‍ എന്നിവരാണ് പഞ്ചാബ് ചേസിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ തകര്‍ത്ത് ജിതേഷ് ശര്‍മ്മയും സിക്കന്ദര്‍ റാസയും തിളങ്ങി. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത് ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ (52 പന്തില്‍ 92) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍, പതിറാണയുടെ ആദ്യ അഞ്ച് പന്തുകളിലും ബൗണ്ടറി നേടാൻ പഞ്ചാബിന് സാധിച്ചില്ല. ഇതോടെ അവസാന പന്തില്‍ മൂന്ന് റണ്‍സ് വേണമെന്ന നിലയായി.
ആകാംക്ഷകള്‍ക്കൊടുവില്‍ റാസ മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ ഗ്രൗണ്ട് നിശബ്‍ദമാവുകയായിരുന്നു. ഇതിനിടെ പഞ്ചാബ് കിംഗ്‌സിനെതിരെ അവസാന ഓവറില്‍ ക്രീസിലെത്തിയ ധോണി 13 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സുകളും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സാം കറന്‍ എറിഞ്ഞ അവസാന ഓവറിലെ രണ്ട് പന്തുകളാണ് ധോണി സിക്‌സര്‍ പായിച്ചത്. ഇതോടെ സ്‌കോര്‍ 200ലെത്തുകയും ചെയ്തു.