ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം പഴയ മന്ദിരത്തിന് ‘സംവിധാന്‍ സദന്‍’ എന്ന് പേരിടാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 75 വര്‍ഷമായി പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന്റെ മാന്യത പഴയ കെട്ടിടമെന്നു പറഞ്ഞ് വെറുതെ താഴ്ത്തരുത്. കെട്ടിടത്തെ ‘സംവിധാന്‍ സദന്‍’ എന്ന് വിശേഷിപ്പിക്കുന്നത് പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച നേതാക്കള്‍ക്കുള്ള ആദരവായിരിക്കും. ഭാവി തലമുറകള്‍ക്ക് ഈ സമ്മാനം നല്‍കാനുള്ള അവസരം നാം കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് പുതിയമന്ദിരത്തിലേക്ക് മാറിയത്. മോദിയുടെ പ്രസംഗം കഴിഞ്ഞയുടനെ പ്രധാനമന്ത്രിയും എല്ലാ എംപിമാരും പഴയ കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് നടന്നു. എല്ലാ എംപിമാര്‍ക്കും ഭരണഘടനയുടെ പകര്‍പ്പ്, പാര്‍ലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ഒരു നാണയം, ഒരു സ്റ്റാമ്പ് എന്നിവ അടങ്ങിയ ബാഗ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ലഭിച്ചു.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിനൊപ്പം ഇരുസഭകളിലെയും ജീവനക്കാര്‍ക്കുള്ള യൂണിഫോമിലും മാറ്റങ്ങള്‍ കൊണ്ടുവരും. ഇവരില്‍ ചേംബര്‍ അറ്റന്‍ഡന്റുകള്‍, ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, മാര്‍ഷലുകള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക സെഷനില്‍ പുതിയ യൂണിഫോമിലെത്തും.