World Cup 2023: ടോസ് ഇംഗ്ലണ്ടിന്, പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ്യും

0
72

ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ഇംഗ്ലണ്ടിനെതിരേ അവിശ്വസനീയ ജയം നേടിയാലെ പാകിസ്താന് സെമിയിലെത്താനാവൂ. 287 റണ്‍സിനോ 2.3 ഓവറിനുള്ളിലോ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനാവാത്ത പക്ഷം പാകിസ്താന് സെമിയിലെത്താനാവില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത കാര്യമാണിത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ സെമിയിലെത്താന്‍ ലോകാത്ഭുതം സംഭവിക്കണം.അതേ സമയം ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നേരിട്ട് യോഗ്യത ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യ ഏഴിലെത്താന്‍ പാകിസ്താനെ തോല്‍പ്പിക്കേണ്ടത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത്യാവശ്യമാണ്.

ഇത്തവണ മോശം ഫോമിലാണെങ്കിലും നിലവിലെ ലോക ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിനായിരുന്നു.പാകിസ്താന്‍ അവസാന രണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനേയും ന്യൂസീലന്‍ഡിനേയും തോല്‍പ്പിച്ചു. ഭാഗ്യം പാകിസ്താനെ തുണക്കാത്ത പക്ഷം ടീമിന് സെമിയിലെത്താനാവില്ല. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ പാകിസ്താന്‍ സെമി കളിക്കാന്‍ യാതൊരു സാധ്യതയുമില്ല. നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് തന്നെ സെമിയിലെത്തിയേക്കും. പാക് നായകന്‍ ബാബര്‍ ആസമിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന മത്സരമായിരിക്കും ഇന്നത്തേതെന്ന് നിസംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here