ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി അഥവാ വിനായക ചതുര്‍ത്ഥി. ഇന്ത്യയിലെ ഹിന്ദുക്കള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്ന ദിവസമാണിത്. ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്.
പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 19നാണ് ആരംഭിക്കുന്നത്. 2023 ലെ വിനായക ചതുര്‍ത്ഥി സെപ്റ്റംബര്‍ 18ന് ഉച്ചയ്ക്ക് 12.39 ഓട് കൂടി ആരംഭിച്ച് സെപ്റ്റംബര്‍ 19 രാത്രി 8.43ന് അവസാനിക്കും. സെപ്റ്റംബര്‍ 28 വരെയാണ് ആഘോഷങ്ങള്‍. സെപ്റ്റംബര്‍ 28ന് വിനായക വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കും.
വിനായക ചതുര്‍ത്ഥിയുടെ തുടക്കം
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്താണ് ഗണേശോത്സവം എന്ന ആഘോഷത്തിന് പ്രാധാന്യം ലഭിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര്‍ തിലകാണ് ഈ ആഘോഷം ആരംഭിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1890കളില്‍ സാധാരണക്കാരില്‍ ഐക്യമുണ്ടാക്കുക, സാമുദായിക ആരാധന ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.
മഹാരാഷ്ട്രയില്‍ പേഷ്വമാര്‍ ഗണപതി ആരാധന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വീടുകളില്‍ മാത്രം നടത്തിയ ഈ ആരാധനയെ പൊതുയിടങ്ങളിലേക്ക് എത്തിക്കാനാണ് ബാലഗംഗാധര്‍ തിലക് ശ്രമിച്ചത്. ഇതിലൂടെ ജനങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
1893ലാണ് ബാലഗംഗാധര്‍ തിലക് ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. വലിയ പവലിയനുകളില്‍ ഗണപതിയുടെ ചിത്രങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. തുടര്‍ന്ന് ഉത്സവത്തിന്റെ പത്താം ദിവസം ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്ന രീതിയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.
പ്രധാന ചടങ്ങുകള്‍
സാധാരണയായി ഗണേശോത്സവത്തോട് അനുബന്ധിച്ച് ഗണപതി വിഗ്രഹങ്ങള്‍ വീടുകള്‍ക്കുള്ളില്‍ പ്രത്യേക സ്ഥാനത്തോ അല്ലെങ്കില്‍ പുറത്ത് പ്രത്യേകം നിര്‍മ്മിച്ച പവലിയനുകളിലോ വെച്ചാണ് ആരാധിക്കുന്നത്. പ്രാണ്‍ പ്രതിഷ്ഠ എന്ന ആചാരത്തോടെയാണ് വിഗ്രഹം സ്ഥാപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിഗ്രഹത്തെ ആരാധിച്ച് പൂജകള്‍ നടത്തുന്നത്.
പൂജാ സമയത്ത് ഗണേശ ഉപനിഷദ് പോലെയുള്ള പുരാണ ഗ്രന്ഥങ്ങളിലെ സ്‌തോത്രങ്ങള്‍ ഭക്തര്‍ ആലപിക്കുന്നു. കൂടാതെ മറ്റ് വേദകൃതികളിലെ മന്ത്രങ്ങളും ആലപിക്കുന്നു. ചന്ദനം, മഞ്ഞപ്പൂവ്, ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ എന്നിവ പൂജാ സമയത്ത് ഭക്തര്‍ വിഗ്രഹത്തിൽ സമര്‍പ്പിക്കുന്നു. ഒപ്പം നാളികേരം. ശര്‍ക്കര, മോദകം, എന്നിവയും വിഗ്രഹത്തിൽ സമര്‍പ്പിക്കുന്നു. ഇതോടൊപ്പം ലഡ്ഡു, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഗണപതി വിഗ്രഹത്തിൽ സമര്‍പ്പിക്കാറുണ്ട്.