ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരും തമ്മിൽ എന്തെങ്കിലും സമാനതകൾ ഉണ്ടോ? ഈ ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം.
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള കർഷകനായ ഹർനം സിംഗ് ആണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി. മൂന്ന് വർഷം മുൻപ്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, കർഷക ക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ഛത്തീസ്ഗഡ് സർക്കാർ ഒരു കട്ട് ഔട്ട് സ്ഥാപിച്ചിരുന്നു. ഭൂപേഷ് ബാഗേലിനൊപ്പം കർഷകനായ ഹർനം സിംഗ് ആണ് ഈ കട്ട്ഔട്ടിൽ ഇടം പിടിച്ചത്. മൂന്ന് വർഷത്തിന് ശേഷം, യുപി സർക്കാർ പുറത്തിറക്കിയ ഒരു ഹോർഡിങ്ങിൽ ഉള്ളതും ഇതേ ഹർനം സിംഗിന്റെ ചിത്രമാണ്. ഇതെങ്ങനെ ഒരു പോലെ ആയി എന്നാണ് പലരുടെയും ചോദ്യം. കോൺഗ്രസിന്റെ കട്ട്ഔട്ടിലെ അതേയാളെ തങ്ങളുടെ ഹോർഡിങ്ങിലും കൊണ്ടുവന്നത് ബിജെപിക്ക് അൽപം നാണക്കേട് ഉണ്ടാക്കുന്നുണ്ടെങ്കിലും അത് ഡിസൈനർക്കു പറ്റിയ അബദ്ധം ആണെന്നാണ് പാർട്ടി പറയുന്നത്.
കോൺഗ്രസ് പുറത്തറക്കിയ കട്ട്ഔട്ടുകളിൽ ഹർനം സിംഗിനൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ചിത്രവും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലും കർഷകർക്കുള്ള സർക്കാരിന്റെ പദ്ധതികൾ എടുത്തുകാണിച്ച് പാർട്ടി പ്രചരണം നടത്തിയിരുന്നു. 1,500 കോടി രൂപയുടെ രാജീവ് ഗാന്ധി ന്യായ് യോജന, 4.5 കോടി രൂപയുടെ ഗോധൻ ന്യായ് യോജന, 233 കോടി രൂപയുടെ തെണ്ടു പട്ട സംഗ്രഹൻ പ്രോത്സാഹൻ തൊഴിൽ പദ്ധതി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയെ കൂടാതെ നിരവധി കോൺഗ്രസ് നേതാക്കളും സോഷ്യൽ മീഡിയയിൽ ഹർനം സംഗിന്റെ ചിത്രം പതിച്ച പോസ്റ്ററുകൾ പങ്കുവെച്ചിരുന്നു.
മൂന്ന് വർഷത്തിന് ശേഷം, ലഖ്‌നൗവിലെ പല സ്ഥലങ്ങളിലും യുപി സർക്കാർ സ്ഥാപിച്ച ഹോർഡിങ്ങുകളിൽ സിംഗിന്റെ ചിത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലഖ്‌നൗവിലെ ഗോമതി റിവർ ഫ്രണ്ട് ഏരിയയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന അത്തരം ഒരു ഹോർഡിംഗ് ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെക്കുറിച്ചുള്ളതാണ് ഹോർഡിങ്ങ്. ഇതിനകം 2.63 കോടി രൂപ 60,845 കോടി രൂപ കർഷകർക്ക് ഈ പദ്ധതി വഴി കൈമാറിയതായും ഇതിൽ പറയുന്നു. ഹർനം സിംഗിനെ കൂടാതെ യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രവും ഹോർഡിംഗിൽ ഉണ്ട്.
ഛത്തീസ്ഗഢ് സർക്കാരിന്റെ പരസ്യത്തിൽ തന്റെ ചിത്രം ഉപയോഗിച്ചത് എപ്പോഴാണെന്ന് അറിയില്ലെന്നാണ് ഭാരതീയ കിസാൻ യൂണിയനിലെ അംഗം കൂടിയായ ഹർനം സിംഗ് ഇതേക്കുറിച്ച് പ്രതികരിച്ചത്. “സർക്കാർ പരസ്യത്തിൽ ഞാൻ ഇടം നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, എന്നാൽ യുപിയിലെ കർഷകരെ സ്വയം പര്യാപ്തരും വേണ്ടത്ര വരുമാനമുള്ളവരുമാക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്,” സിംഗ് പറഞ്ഞു.
”ഇത് ഡിസൈനറുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണ്. ഡിസൈനർ ഇൻറർനെറ്റിൽ ലഭ്യമായതിൽ നിന്നും ഒരു കർഷകന്റെ ചിത്രം തിരഞ്ഞെടുക്കുകയായിരുന്നു”, മുതിർന്ന ബിജെപി നേതാവ് പ്രവീൺ ഗാർഗ് പറഞ്ഞു.