സോളാർ കേസിൽ കൈക്കൂലി ആരോപണവും തള്ളി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണവും കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമറിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ്സഹർജി തള്ളിയാണു കോടതി ഇക്കാര്യം തീർപ്പാക്കിയത്.
ശാസ്ത്രീയമായി പരിശോധന ഉൾപ്പെടെ നടത്തിയാണ് കാറിൽ വച്ച് ഇടനിലക്കാർ വഴി കൈക്കൂലി നൽകിയെന്ന ആരോപണം ഉൾപ്പെടെയുള്ളവ തെറ്റാണെന്ന് സിബിഐ സ്ഥാപിച്ചത്. ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്കു കഴിഞ്ഞില്ല. ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ചെയ്തു.