കാട്ടാക്കട: തെരുവുനായകളുടെ ആക്രമണവും ശല്യവും സംസ്ഥാനത്ത് കൂടുകയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാനായി വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികളുമായി ഗ്രാമപ്പഞ്ചായത്തുകള്‍ മുന്നോട്ടുപോകുന്നുണ്ട്.
എന്നാല്‍ അതിനിടയില്‍ തമിഴ്‍നാട്ടില്‍നിന്നു നായകളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഗ്രാമങ്ങളില്‍ ഉപേക്ഷിക്കുന്നതായി ആരോപണം.
കാട്ടാക്കട, പൂവച്ചല്‍, വിളപ്പില്‍ പഞ്ചായത്തുകളിലായി നൂറിലേറെ നായകളെയാണ് ഒരുമാസത്തിനിടെ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചിട്ടുള്ളത്. ഇവ തിരിച്ചുപോകുന്നതു തടയാൻ തമിഴ്‍നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ ഒഴിവാക്കി ദൂരം കൂടുതലുള്ള അടുത്ത പഞ്ചായത്തുകളിലാണ് ഇവയെ കൊണ്ടിറക്കിയിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ 50-ഓളം നായകളെ ഇത്തരത്തില്‍ ഉപേക്ഷിച്ചതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാജപാളയം ഇനത്തില്‍പ്പെട്ടതുള്‍പ്പെടെയുള്ള നായകളെ ഇക്കൂട്ടത്തില്‍ കണ്ടിട്ടുണ്ട്. രോഗം ബാധിച്ചവയാണ് വിലകൂടിയ ഇനത്തിലുള്ളവ. കിള്ളിയില്‍ രണ്ടുദിവസം മുമ്ബ് രാവിലെ പെട്ടിഓട്ടോയില്‍ കൊണ്ടിറക്കിയ നായകള്‍ എങ്ങോട്ടുപോകണമെന്നറിയാതെ പ്രധാന റോഡില്‍ത്തന്നെ ചുറ്റിത്തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ നായകളെ കടത്താൻ പ്രത്യേക സംഘം ഉള്ളതായും പുലര്‍ച്ചെയാണ് ഈ വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്നതെന്നും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ ഇവയെ ഇറക്കിവിട്ട് മറ്റെന്തെങ്കിലും സാധനവുമായാണ് ഈ വാഹനങ്ങള്‍ മടങ്ങുന്നതെന്നും മത്സ്യക്കച്ചവടക്കാര്‍ പറയുന്നു.
അതിര്‍ത്തിയില്‍ ചെക്പോസ്റ്റിലെ പരിശോധനകള്‍ ഒഴിവാക്കാൻ ഊടുവഴികളിലൂടെയാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. വിഷയത്തില്‍ പഞ്ചായത്തുകളുടെയും പോലീസിന്റെയും ഇടപെടല്‍ ഉള്‍പ്പെടെ വേണമെന്നും ആവശ്യമുയരുന്നു.