കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവശങ്കർ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്. ജാമ്യ ഉപാധികളിൽ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തളളി. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ല. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അതിനാൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയിൽ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്. എന്നാൽ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.